മനില: ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്നു വിദ്യാർഥികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്ത് ഗോർബോക്സ് എന്ന ഓൺലൈൻ ഗെയിമിംഗ് ആപ്പിന് താത്കാലിക വിലക്കേർപ്പെടുത്തി. ഫിലിപ്പീൻസിലെ ടാക്ലോബാൻ നഗരത്തിലെ സാൻജോസ് നാഷണൽ ഹൈസ്കൂളിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
വിദ്യാർഥികൾക്കു നേരേ വെടിയുതിർത്ത രണ്ടു കൗമാരക്കാരിലൊരാൾ ഗെയിമിന്റെ സ്ഥിരം ഉപയോക്താവായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനു പിന്നാലെയാണു നടപടി. മാരകായുധങ്ങളുടെ ഉപയോഗം ചിത്രീകരിക്കുന്ന ഗെയിമാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗെയിമിന്റെ സ്വാധീനം ആക്രമണത്തിനു കാരണമായോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് ഫിലിപ്പീൻസ് സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ ആൻഡ് കോ-ഓർഡിനേറ്റിംഗ് സെന്റർ വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായാണു താത്കാലിക നിരോധനം നിലവിൽ ഏർപ്പെടുത്തിയതെന്നും സിഐസിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.